മൂന്ന് സീറ്റുകള്‍ നേടി കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കുറിച്ചതിന്റെ ആവേശം നിലനില്‍ക്കെ, ബി.ജെ.പിയില്‍ നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കടുത്ത ഭിന്നത.
പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും പദവിക്കായി ഉറച്ചുനില്‍ക്കുന്നതാണ് പാർട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പുതിയ നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും കക്ഷിനേതാവിനെ ഇതുവരെയും നിശ്ചയിക്കാൻ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തി ജനപ്രതിനിധികളുമായും പ്രമുഖ നേതാക്കളുമായും നടത്തിയ പ്രാഥമിക ആലോചനയില്‍ ഭൂരിപക്ഷ പിന്തുണ വി. മുരളീധരനായിരുന്നു.
സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതൃപദവി കൂടി ഏറ്റെടുത്താല്‍ അത് പാർട്ടിയുടെ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയത്തിന് വിരുദ്ധമാകുമെന്നാണ് വി. മുരളീധരനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പാർലമെന്ററി രാഷ്ട്രീയത്തില്‍ ദീർഘകാലത്തെ പരിചയസമ്പന്നനായ വി. മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാൻ പാർട്ടിക്കുള്ളില്‍ വലിയ രീതിയിലുള്ള സമ്മർദ്ദമുണ്ട്. തർക്കം മുറുകിയതോടെ അന്തിമ തീരുമാനത്തിനായി വിഷയം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഹൈക്കമാൻഡ് ഇതില്‍ വ്യക്തത വരുത്തുമെന്നാണ് സൂചന.
