‘മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറാൻ തടസമില്ല, പക്ഷേ പ്രവേശനം പ്രധാന വാതിലിലൂടെ വേണമെന്ന് വാശിപിടിക്കാനാവില്ല’ സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍, പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണമെന്നോ പുരുഷന്മാരുമായി വേർതിരിക്കുന്ന മറകള്‍ ഒഴിവാക്കണമെന്നോ സ്ത്രീകള്‍ക്ക് ആവശ്യപ്പെടാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി. ശബരമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തർക്കമില്ലെന്നും പ്രവാചകന്റെ കാലം മുതല്‍ തന്നെ ഇതിന് അനുമതിയുണ്ടെന്നും ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് പറഞ്ഞു. എന്നാല്‍‌, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പാരമ്പര്യമായി പിന്തുടരുന്ന ചില അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണം എന്നോ, പള്ളിക്കകത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേർതിരിവ് പാടില്ലെന്നോ ഉള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.

പുരുഷന്മാർക്ക് പള്ളിയില്‍ പോയി പ്രാർത്ഥിക്കുന്നത് നിർബന്ധമാണെങ്കിലും സ്ത്രീകള്‍ക്ക് അത് നിർബന്ധമല്ല. വീട്ടിലെ കാര്യങ്ങളും കുട്ടികളെ നോക്കുന്നതും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് ഈ ഇളവ് നല്‍കിയിട്ടുള്ളതെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. സ്ത്രീകള്‍ വീട്ടില്‍ ഇരുന്ന് പ്രാർത്ഥിച്ചാലും പള്ളിയില്‍ പോയി പ്രാർത്ഥിക്കുന്ന അതേ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളികള്‍ക്ക് ഗർഭഗൃഹം എന്ന സങ്കല്‍പ്പം ഇല്ലെന്നും അതിനാല്‍ ഒരു പ്രത്യേക സ്ഥലത്ത് തന്നെ നിന്ന് പ്രാർത്ഥിക്കണമെന്ന് ആർക്കും വാശിപിടിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി. പൂനെ സ്വദേശികളായ ദമ്പതികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം തേടി നല്‍കിയ ഹർജിയിലും സുപ്രീം കോടതിയുടെ ഈ ബെഞ്ചിന്റെ തീരുമാനം നിർണായകമാകും. വാദം കേള്‍ക്കല്‍ അടുത്ത ആഴ്ചയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *