ഭജനസംഘത്തിന്‍റെ ക്രിസ്തീയ ഗാനം: ശശികലയെ തള്ളി ക്ഷേത്ര കമ്മിറ്റി

ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ആലപിച്ചതിനെ വിമർശിക്കുകയും പരിഹസിക്കുകയുംചെയ്തവരെ തള്ളി ക്ഷേത്രക്കമ്മിറ്റി.

പ്രോഗ്രാം നടന്ന കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി കണ്‍വീനറാണ് ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് അറിയിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കം നന്ദഗോവിന്ദം ഭജൻസ് ടീമിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. ചിക്കൻ മസാല പായസത്തില്‍ ചേർക്കരുതെന്നായിരുന്നു അവരുടെ പരിഹാസം.

എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കാറുള്ളതെന്നു ക്ഷേത്രക്കമ്മിറ്റി പറഞ്ഞു. ദേശത്ത് എല്ലാവരും സൗഹാർദപരമായി ജീവിക്കുന്നവരാണെന്നും അതിനെ തകർക്കരുത്. ക്ഷേത്രവളപ്പിനു പുറത്ത് ഒരുക്കിയിരുന്ന വേദിയില്‍ നടന്ന പരിപാടിയില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും അനാവശ്യമായി വിവാദം ഇളക്കിവിട്ട് സൗഹാർദം തകർക്കരുതെന്നും ക്ഷേത്രക്കമ്മറ്റി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശേരി.

വിഷയം :- നന്ദഗോവിന്ദം ഭജൻസ് 2026 ഏപ്രില്‍ 14 പ്രോഗ്രാം ആയി ബന്ധപ്പെട്ട്

ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അതും പ്രത്യേകിച്ച്‌ ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോള്‍. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തിയിരുന്നു, ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയില്‍ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അതു കുറച്ചു പേർ വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്, ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്.

തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച്‌ സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത് . നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ LKG മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചതില്‍ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു.
ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു.

ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിനു നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവർ വഴിയരിയില്‍ തിരി തെളിക്കുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു.

അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്നു മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *