തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില് നിന്ന് പകര്ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു.
ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ച കഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുവർ നിർദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകള്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. കെഎസ്‌ആർടിസിയും പ്രത്യേക സർവീസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരം നാലു സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള് നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.
