തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തില്‍ വിശദീകരണവുമായി പി.വി. അൻവർ രംഗത്ത്. അതീവ രഹസ്യമായി നല്‍കിയ കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുമുന്നണി വിട്ട് വരുമെന്ന് കത്തില്‍ സൂചിപ്പിച്ച നേതാക്കളുമായി താൻ നേരിട്ടോ അല്ലാതെയോ ചർച്ചകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ നല്‍കിയ കത്ത് ഒരു രാഷ്ട്രീയ സൂചന മാത്രമായിരുന്നു. കത്തില്‍ പരാമർശിച്ച പല നേതാക്കളും ഇപ്പോള്‍ എവിടെയാണെന്ന് നോക്കിയാല്‍ അതിന്റെ സത്യം വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി. സുധാകരൻ, എസ്. രാജേന്ദ്രൻ, പി. ശശി തുടങ്ങിയവരുടെ പേരുകള്‍ ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടി. തൃണമൂല്‍ നേതൃത്വം ചർച്ചകള്‍ക്ക് മുൻകൈ എടുക്കാത്തതിലാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്.
അതേസമയം, പി.വി. അൻവർ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് സ്ഥിരീകരിച്ചു. ഒരു വർഷം മുമ്പ് പാലക്കാട്ടെ വീട്ടിലെത്തിയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്. താൻ എന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ആളാണെന്നും മറ്റൊരു പാർട്ടിയിലേക്കുമില്ലെന്നും അൻവറിനെ അന്ന് തന്നെ അറിയിച്ചതായും ഗോപിനാഥ് വ്യക്തമാക്കി.
