കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുള്‍ഡോസർ രാജ് അരങ്ങേറിയത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയില്‍ അടിച്ചുനിരത്തപ്പെട്ടത്.
യാതൊരുവിധ മുൻകൂർ നോട്ടീസും നല്‍കാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയല്‍ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോണ്‍ഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാര്യ വിനോബ ഭാവെ നേതൃത്വം നല്കിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്കിയ വിനോബ നഗറിലെ വീടുകളാണ് കോണ്‍ഗ്രസ് സർക്കാർ പൊളിച്ചുനീക്കിയത്. ഭൂദാൻ പ്രസ്ഥാനത്തിൻ്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോണ്‍ഗ്രസ്സിന് അംഗീകരിക്കാൻ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.
യലഹങ്കയിലെ ബുള്‍ഡോസർ രാജിന്റെ ഇരകള്‍ ഇപ്പോഴും തെരുവില്‍ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും നടത്തിപ്പുകാരാവാനും എങ്ങനെ കോണ്‍ഗ്രസിന് കഴിയുന്നു? തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സർക്കാരിൻ്റെ കൂറ്റൻ പരസ്യങ്ങള്‍ കൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ നിറയ്ക്കുന്ന കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണത്.
മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തുനിർത്തി അവർക്ക് പുതിയ വീടുകള്‍ നല്കി പുനരധിവാസ – പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സർക്കാർ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്.
കേരളത്തിലെ സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നല്കി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കല്‍. ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് സർക്കാരുകള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.
കോണ്‍ഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോള്‍ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോണ്‍ഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോണ്‍ഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
