സംസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചു എന്നത് തെറ്റായ പ്രചരണം : മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാവിലെ പത്തു മുതല്‍ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്.

സംസ്ഥാനത്ത് ബാർ പ്രവർത്തന സമയം വർധിപ്പിച്ചു എന്നത് തെറ്റായ പ്രചരണമെണെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച്‌ പ്രതിപക്ഷത്തിന് ഫയല്‍ നീക്കത്തെക്കുറിച്ച്‌ അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഫയല്‍ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കില്‍ ഒക്ടോബറില്‍ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകള്‍ക്ക് മാത്രം രാവിലെ പത്തുമുതല്‍ രാത്രി 12വരെ പ്രവർത്തിക്കാൻ അനുമതി നല്‍കിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കർണാടകയില്‍ രാവിലെ രാവിലെ പത്തു മുതല്‍ അർധരാത്രി 12വരെയും ബെംഗളൂരുവില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒരു മണിവരെയുമാണ് ബാറുകള്‍ക്ക് അനുമതി. കർണാടകയില്‍ നാലു ലക്ഷം മുതല്‍ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാർ ലൈസൻസ് ഫീ. തമിഴ്നാട്ടില്‍ 12 മണിക്കൂറാണ് ബാറുകളുടെ പ്രവർത്തന സമയം.

പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അവിടെ 24 മണിക്കൂറും പ്രവർത്തിക്കാം. ആന്ധ്രയില്‍ പത്തു മുതല്‍ രാത്രി 12വരെയാണ് പ്രവർത്തന സമയം. വ്യവസായമെന്ന നിലയി. മറ്റു സംസ്ഥാനങ്ങളുടെ സമയം കൂടി താരതമ്യം ചെയ്താണ് കേരളത്തിലെ സമയം ഏകീകരിച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാല്‍ ഉയർന്ന ഫീസാണ് ലൈസൻസിനായി കേരളം ഈടാക്കുന്നത്. 35 ലക്ഷമാണ് ലൈസൻസ് ഫീസ്. ഉയർന്ന ഫീസ് വാങ്ങിയിട്ടും കടുത്ത നിയന്ത്രണമെന്ന പരാതി ഏറെക്കാലമായിട്ടുണ്ട്. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അഞ്ചു ലക്ഷം ഫീസ് അടച്ചാല്‍ പുലർച്ചെ മൂന്നുമണിവരെ പ്രവർത്തിക്കാനുള്ള അനുമതിയും നേരത്തെ ടൂറിസം മേഖലയില്‍ നല്‍കിയിരുന്നു. ഇതടക്കമാണ് എല്ലാ ബാറുകള്‍ക്കുമായി ഏകീകരിച്ചതെന്നും പുതിയ തീരുമാനമല്ലെന്നും എംബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *