കരസേന മുൻമേധാവി ജനറല്‍ എംഎം നരവനയുടെ പുസ്തകത്തിന്റെ പതിപ്പ് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ വിവാദം മുറുകുന്നു.
പുസ്തകത്തിന്റെ പതിപ്പ് ചോർന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് സംശയിക്കുന്നത്. പുസ്തകത്തിന്റ് ഹാർഡ് കോപ്പി രാഹുല്‍ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. നരവാനെയുടെ ഓർമ്മക്കുറിപ്പായ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനിയെച്ചൊല്ലിയാണ് വിവാദങ്ങള്‍ ഉയരുന്നത്.
അതേസമയം, പുസ്തകത്തിന്റെ അനധികൃത പതിപ്പുകള്‍ സോഷ്യല്‍മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചതിനെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ് പ്രസ്താവനയിറക്കി. ഡിജിറ്റലായോ അല്ലാതെയോ പുസ്തകത്തിന്റെ ഒരു പതിപ്പും പുറത്തിറക്കിയിട്ടില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പകർപ്പവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഈ പുസ്തകവുമായി എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ലോക്സഭയില്‍ ഈ വിഷയം രൂക്ഷമായ തർക്കത്തിന് കാരണമായി. ഇത് ആവർത്തിച്ചുള്ള തടസ്സങ്ങള്‍ക്കും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിലേക്കും നയിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍, പുസ്തകം അതിന്റെ അംഗീകൃത രൂപത്തില്‍ ലഭ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം, മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ രഹസ്യാത്മക വസ്തുതകള്‍ അടങ്ങിയ ഓർമ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അനുമതി ആവശ്യമാണ്.
അനധികൃതമായി പുസ്തകത്തിന്റെ ഓണ്‍ലൈൻ പതിപ്പുകള്‍ പങ്കുവയ്ക്കുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പ്രസാധകൻ തയ്യാറാക്കിയ ഒരു ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് ചില വെബ്സൈറ്റുകളില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചില ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ പുസ്തകം വില്‍ക്കുന്നതിനുള്ള പരസ്യങ്ങളും കണ്ടു. അംഗീകാരം ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിന്റെ ചോർച്ചയോ ലംഘനമോ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സ്പെഷ്യല്‍ സെല്ലില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
