ഇത്തവണ മത്സരിക്കാൻ മൂഡില്ല; എല്ലാം പാര്‍ട്ടി തീരുമാനിക്കും: കെ. മുരളീധരൻ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മൂഡില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.

‘എല്ലാ തവണയും മത്സരിക്കുന്നതില്‍ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.’-മുരളീധരൻ പറഞ്ഞു.

മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികള്‍ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു.

വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തിരുവമ്പാടി, കായംകുളം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാള്‍ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗില്‍ നിന്നും സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകള്‍ പലയിടത്തും വരുന്നത്.

തെക്കൻ കേരളത്തില്‍ ലീഗ് നോട്ടമിട്ട സീറ്റുകളില്‍ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തില്‍ ഉഭയകക്ഷി ചർച്ചകള്‍ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകള്‍ ഉയർന്നത്. തിരുവമ്പാടിയില്‍ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കില്‍ കായംകുളത്ത് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *