റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ;സ്വകാര്യ ആശുപത്രികളിലും സേവനം ലഭിക്കും

റോഡ് അപകടങ്ങളില്‍ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി കെഎൻ ബാലഗോപാല്‍. റോഡ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്ന ആളുകള്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ കീഴില്‍ രജിസ്റ്റർ പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പ്രതിവർഷം 48000 റോഡ് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത്തരം അപകടങ്ങളില്‍ പെടുന്നവർക്ക് സമയബന്ധതമായി ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ലൈഫ് സേവർ പദ്ധതിക്കായി സർക്കാർ 15 കോടി രൂപ മാറ്റി വെക്കുകയാണ്’, ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. താരതമ്യന ചെറിയ തുകയടച്ച്‌ ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കുംയ ഇതിനായി 50 കോടി രൂപ വകയിരുത്തുകയാണെന്നും ധനമന്ത്രി അറിയിച്ചു.

‘ ആർട്ടിസാൻസ് മേഖലയില്‍ തൊഴിലെടുക്കുന്ന നിരവധി ആളുകള്‍ കേരളത്തിലുണ്ട്. സ്വർണ്ണ പണിക്കാർ, ലോഹ പണിക്കാർ, കല്‍പണിക്കാർ ,തടിപ്പണിക്കാർ ,കരകൌശവ തൊഴിലാളികള്‍ തുടങ്ങി പരമ്പരാഗത തൊഴിലാളികള്‍ ധാരാളമുള്ള ഈ മേഖലയിലെ തൊഴിലുകളെ സംരക്ഷിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ആർട്ടിസാൻസ് മേഖലയിലുള്ളവർക്ക് ആധുനിക തൊഴിലഉപകരണങ്ങള്‍ വാങ്ങുന്നതിന് സർക്കാർ സഹായം നല്‍കും .50ശതമാനം വരെ സർക്കാർ സബ്സിഡിയോടെ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായം ലഭ്യമാക്കുന്ന പദ്ധതിക്കായി പ്രാഥമികമായി അഞ്ചു കോടി രൂപ നീക്കി വെക്കുകയാണ്.

മണ്‍പാത്ര നിർമ്മാണം കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലകളില്‍ ഒന്നാണ്. പരിസ്ഥിതി സൗഹൃദമായ മണ്‍പാത്ര നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .അതിനായി ഒരു കോടി രൂപ അധികമായി അനുവദിക്കുന്നു. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിശക്തമായി എതിർക്കുകയുണ്ടായി. ഇപ്പോള്‍ എസ്‌ഐആർ അടിസ്ഥാനത്തില്‍ വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള നീക്കങ്ങള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എസ്‌ഐആർ സംബന്ധിച്ച്‌ ശക്തമായ നിലപാടുകള്‍ കേരള സർക്കാർ കേന്ദ്രത്തെയും സുപ്രീം കോടതിയെയും അറിയിച്ചിട്ടുണ്ട്. എസ്‌ഐആർ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തില്‍ ജീവിച്ചുവരുന്ന മനുഷ്യരുടെ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനം നേറ്റിവിറ്റി കാർഡ് എന്ന രേഖ നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡുകള്‍ നല്‍കുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ചെലവുകള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കുകയാണ്”,ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *