കെഎസ്‌ആര്‍ടിസി പുതിയ ബസുകള്‍ക്കായി 127 കോടി, ഡിപ്പോകള്‍ നവീകരിക്കും

കെഎസ്‌ആർടിസിയെ ആധുനികവല്‍ക്കരിക്കുന്നതിനായി ബജറ്റില്‍ വൻ തുക വകയിരുത്തി. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയ ബിഎസ്6 ബസുകള്‍ വാങ്ങുന്നതിനായി സർക്കാർ വിഹിതം 127 കോടി രൂപയായി വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു.

2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കെഎസ്‌ആർടിസിക്കും സ്വിഫ്റ്റിനുമായി ഇതിനകം 662 പുതിയ ബസുകള്‍ നിരത്തിലിറക്കാൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

യാത്രക്കാരെ കൂടുതല്‍ ആകർഷിക്കുന്നതിനായി ഡിപ്പോകളുടെയും വർക്ക്‌ഷോപ്പുകളുടെയും നവീകരണത്തിനായി 45.72 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കൊട്ടാരക്കര ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളുടെ നവീകരണ പ്രവർത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഡിപ്പോകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഗതാഗത വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന് 12 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പരിഷ്‌കരണങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുള്ളതുമാക്കും. കെഎസ്‌ആർടിസിയുടെ നിലനില്‍പ്പിനും വളർച്ചയ്ക്കും ആവശ്യമായ ശക്തമായ പിന്തുണ തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *