നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍. മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.
സ്വർണ്ണക്കൊള്ള കേസില്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മർദ്ദമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
“പോറ്റിയേ കേറ്റിയേ” എന്ന പാരഡി ഗാനം ആലപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ അവർ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കി.
പ്രതിപക്ഷത്തിന്റെ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം. “സ്വർണ്ണം കട്ടത് കോണ്‍ഗ്രസ് ആണ്” എന്ന മുദ്രാവാക്യവുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭയില്‍ ബഹളം മൂർച്ഛിച്ചു. ഇരുവിഭാഗവും വിട്ടുകൊടുക്കാതെ പ്രതിഷേധം തുടർന്നുവെങ്കിലും സഭാ നടപടികളുമായി സ്പീക്കർ മുന്നോട്ട് പോയി. മുദ്രാവാക്യം വിളികള്‍ക്കും പാരഡി ഗാനങ്ങള്ക്കുമിടയിലാണ് സഭയുടെ ഇന്നത്തെ നടപടികള്‍ ആരംഭിച്ചത്.
