വീണയുടെ ലോക്കര്‍ തുറക്കട്ടെ, മഹാകാര്യങ്ങള്‍ ഉണ്ടോയെന്ന് നോക്കാമല്ലോ: പിണറായി വിജയൻ

മാസപ്പടി കേസില്‍ മകള്‍ ടി.വീണയുടെ ബാങ്ക് ലോക്കർ തുറന്നുകൊണ്ടുള്ള ഇഡി പരിശോധനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കേസില്‍ നേരത്തേ തന്നെ അന്വേഷണം നടക്കുന്നതാണ്. വീട്ടിലെത്തിയും ഇഡി റെയ്ഡ് നടത്തിയതാണ്. ബാങ്ക് ലോക്കർ കാണണമെന്ന് അവർക്ക് തോന്നിക്കാണുമെന്നും പിണറായി പ്രതികരിച്ചു.

നിങ്ങളും കാമറയും കൊണ്ട് ചെന്നുനോക്കു മഹാകാര്യങ്ങളോ വിസ്മയങ്ങളോ ഉണ്ടാകുമോ എന്ന് നോക്കാമല്ലോയെന്നും മാധ്യമപ്രവർത്തകരോട് പിണറായി പറഞ്ഞു. മാസപ്പടി കേസില്‍ തിരുവനന്തപുരം എംജി റോഡിലെ എച്ച്‌ഡിഎഫ്സി ബാങ്കിലാണ് ഇഡി പരിശോധന നടക്കുന്നത്.

കേസില്‍ വീണ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ളവ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗികമായ രേഖകള്‍ മാത്രമാണ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയത്.

ലോക്കറിന്റെ വിശദാംശങ്ങള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇത് തുറന്ന് പരിശോധിക്കുന്നത്. എച്ച്‌ഡിഎഫ്സി ബാങ്കിലെ അടക്കം വീണയുടെ മൂന്ന് അക്കൗണ്ടുകളും നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *