മഹത്തായ ദാനം:കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച 17 വയസ്സുകാരി അവയവദാനത്തിലൂടെ നാല് പേർക്ക് പുതു ജീവനേകും

പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ബ്രെയിൻ ഡെത്ത് സംഭവിക്കുകയും ചെയ്ത 17 വയസ്സുകാരി അയോണ മോണ്‍സണ്‍ മരണാനന്തര അവയവദാനത്തിലൂടെ നാല് പേർക്ക് പുതു ജീവനേകും.

കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ വച്ച്‌ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കും ലഭ്യമാക്കി. കരള്‍ നല്‍കിയത് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ രോഗിക്കാണ്.കോർണിയകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ ബാങ്കിലേക്കും ദാനം ചെയ്തു. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് അവയവ സ്വീകർത്താക്കളെ നിശ്ചയിച്ചത്.

അതീവ ഗുരുതരാവസ്ഥയിലാണ് അയോണ മോണ്‍സണ്‍ കണ്ണൂർ ആസ്റ്റർ മിംസില്‍ എത്തിച്ചേർന്നത്. അത്യാധുനിക ക്രിട്ടിക്കല്‍ കെയർ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ആസ്റ്റർ മിംസ് അധികാരികള്‍ അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുടുംബത്തോട് സംസാരിച്ചത്.

തുടർന്ന് ഏറ്റവും മഹത്തായ ദാനത്തിന് കുടുംബം തയ്യാറാവുകയായിരുന്നു. മനുഷ്യ സമൂഹത്തിന് നല്‍കാൻ സാധിക്കുന്ന ഏറ്റവും വലിയ ദാനവും സന്ദേശവും ആണ് അയോണയുടെ കുടുംബം നിർവഹിച്ചത് എന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം മാതൃകാപരമായ പ്രവർത്തിയെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂളിലെ ലാബ് പരീക്ഷയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വിദ്യാർത്ഥിനി വെൻ്റിലേറ്ററില്‍ ആയിരുന്നു . ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.സംസ്കാരം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *