സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ കൂലി കൂട്ടിയ സർക്കാർ നടപടിക്കെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി.
തടവുകാരുടെ കൂലി വർദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിക്കുന്ന നിലപാടാണെന്ന് കെസിബിസി മദ്യവിരുദ്ധ സമതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പ്രതികരിച്ചു.
കുറ്റകൃത്യത്തില്‍പ്പെട്ട് ജയിലിലാകുന്ന 95 ശതമാനം തടവുകാരും ലഹരിക്ക് അടിമകളാണെന്നും ഇവർക്ക് കൈ നിറയെ പണം ലഭിക്കുന്നത് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴി തെളിക്കുമെന്നും നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും പ്രസാദ് കുരുവിള പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ജിയിലില്‍ ഡ്രോണ്‍ പറന്നത് മയക്കുമരുന്ന് നിക്ഷേപിക്കാൻ ആണെന്ന റിപ്പോർട്ടും കെസിബിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സർക്കാർ കുത്തനെ കൂട്ടിയിരുന്നു. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്കില്‍ഡ് ജോലികളില്‍ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്കരിച്ചിട്ടുള്ളത്.
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ് സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.
