വൈദ്യതി സര്‍ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ട് കെഎസ്‌ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്ക്കു പുറമേ 16 പൈസയുടെ കൂടി വര്‍ധനയാണ് കെഎസ്‌ഇബി ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28ന് വാദം കേള്‍ക്കും.
കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതമാകുമെന്ന ചിന്തയും കമ്മീഷനുണ്ട്. ഇപ്പോള്‍ യൂണിറ്റിന് ഒമ്ബതുപൈസ കമ്മീഷൻ അനുവദിച്ച പ്രകാരം സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്. ഈ വര്‍ഷം മാര്‍ച്ച് മുതലുള്ള അധികച്ചെലവ് ഈടാക്കാൻ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെഎസ്‌ഇബിയെ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. അങ്ങനെ 19 പൈസയാണ് സര്‍ചാര്‍ജായി ഇപ്പോള്‍ ഈടാക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സര്‍ചാര്‍ജിനുള്ള അപേക്ഷയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.
280 കോടി പിരിച്ചെടുക്കാൻ അനുവദിച്ചതില്‍ നൂറുകോടിയില്‍ത്താഴെയാണ് കിട്ടിയതെന്ന് കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്. അതിനാല്‍, ഒമ്ബതുപൈസ സര്‍ചാര്‍ജ് കൂടുതല്‍ക്കാലം തുടരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. അതിനു പുറമെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ 16 പൈസയുടെ കൂടി വര്‍ധന കെഎസ്‌ഇബി ആവശ്യപ്പെടുന്നത്.