ബലാത്സംഗക്കേസില്‍ രാഹുലിന് ആശ്വാസം ; അറസ്റ്റ് തടഞ്ഞ് ഹൈകോടതി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തല്‍കാലത്തേക്ക് തടഞ്ഞ് ഹൈകോടതി. പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരാഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

കേസിന്‍റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. വിശദമായ വാദം കേട്ട ശേഷം മറ്റു കാര്യങ്ങള്‍ കോടതി പരിഗണിക്കും.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

വ്യാഴാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയത്.

വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്‌), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്‌ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്നും ബലാത്സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മുദ്രവെച്ച കവറില്‍ ഡിജിറ്റല്‍ തെളിവുകളും നല്‍കി. എന്നാല്‍, രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.

ഗുരുതര പരാമർശങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിലുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്ബൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും പറയുന്നു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോള്‍ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

2025 മാർച്ച്‌ നാലിനാണ് രാഹുല്‍ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍വെച്ച്‌ ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച്‌ 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റില്‍വെച്ചും ബലാത്സംഗം ചെയ്തു.

പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച്‌ നല്‍കിയത്. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറില്‍വെച്ച്‌ നിർബന്ധിച്ച്‌ ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുല്‍ വിഡിയോ കോള്‍ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അതിനിടെ, എട്ടാം ദിവസവും ഒളിവിലുള്ള രാഹുലിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്ബത്തൂരിലേക്ക് കടന്നു.

ദേശീയപാത ഒഴിവാക്കി ജില്ല അതിർത്തിയായ കൊഴിഞ്ഞാമ്ബാറ വഴിയാണ് എം.എല്‍.എ കടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. രാഹുല്‍ പാലക്കാട്ടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. എം.എല്‍.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച്‌ മറ്റൊരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എം.എല്‍.എയില്‍ നിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച്‌ കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയില്‍ അയച്ചത്. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെട്ട ശേഷം തുടർനടപടി സ്വീകരിക്കും.

പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുല്‍ വിവാഹാഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ച്‌ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു.

സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ‘ലൈംഗിക കുറ്റവാളി’യാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പൊതുപ്രവർത്തകന്‍റെ ഉത്തരവാദിത്തങ്ങള്‍ക്ക് നേര്‍വിരുദ്ധനായ ആളാണെന്നും യുവതി പറയുന്നു. നേരത്തേ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോള്‍ ഈ പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *