‘ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം’; ഇന്ത്യക്ക് ഔദ്യോഗികമായി കത്ത് നല്കി ബംഗ്ലാദേശ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍.
ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി കത്ത് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്ന സൂചനയാണ് ഇന്ത്യയില്‍ നിന്നുമുണ്ടായത്. ഹസീന എവിടെയായാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളിക്കൈമാറ്റ കരാര്‍ ഇന്ത്യ പാലിക്കണമെന്നാണ് യൂനസ് ഭരണകൂടത്തിന്റെ ആവശ്യം.എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്ബടി ബാധകമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശാണ് ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഇവര്‍ വംശഹത്യ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നുമാണ് കോടതി വിധി. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തത്. രാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഹസീനയ്ക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന് കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.
