ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും. സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്.
പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് വി.ഡി. സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശസ്ഥാനാര്ഥിയാക്കിയിരിക്കുന്നു. പിണറായി ഭരണത്തെ വെറുത്തുമടുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവന് തമ്മിലുള്ള രഹസ്യ ധാരണകൊണ്ടാണ്.
വടക്കേ ഇന്ത്യയില്‍ മിഷനറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണ്.
ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടാമായിരുന്ന വോട്ടകൂടി ഇല്ലാതാകാന്‍ പിണറായി ഭരണം ഇടയാക്കുമെന്നും റബര്‍, നെല്ല് വിലയിടിവില്‍ കര്‍ഷകരുടെ തിരിച്ചടി ഉറപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
