ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5000മായി നിജപ്പെടുത്തിയതോടെ സന്നിധാനത്ത് സുഖദർശനം. ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം.
ഇതിൻറെ ഭാഗമായി നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൻറെ പ്രവർത്തനം ബുധനാഴ്ച രാത്രി താല്‍ക്കാലികമായി നിർത്തി. പിന്നീട് വ്യാഴാഴ്ച രാവിലെ 8.15 ഓടെയാണ് തുറന്നത്. ഇതോടെ രാത്രി മുതല്‍ കാത്തുനിന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് ബഹളത്തിനിടയാക്കി.
മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിങ് അവസാനിച്ചതും പ്രതിഷേധത്തിനിടയാക്കി. ഇതോടെ പൊലീസ് ഇടപെട്ട് ഭക്തരെ ശാന്തരാക്കുകയായിരുന്നു. പീന്നീട് ബുക്കിങ്ങ് ലഭിക്കാതെ കാത്തുനിന്നവരെ വിവിധ ബാച്ചുകളായി കെ.എസ്.ആർ.ടി.സി ബസില്‍ പമ്ബയിലേക്ക് കടത്തിവിട്ടു. സന്നിധാനത്തെയും പമ്ബയിലെയും തിരക്കിന് അനുസരിച്ചായിരുന്നു ഇവരെ കടത്തിവിട്ടത്. ഇത് ഭക്തർക്ക് ആശ്വാസമായെങ്കിലും അടുത്ത ദിവസങ്ങളില്‍ ബുക്കിങ് കുറച്ചത് പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നടക്കം നൂറുകണക്കിന് ഭക്തരാണ് സ്പോട്ട് ബുക്കിങ് പ്രതീക്ഷിച്ച് എത്തുന്നത്.
