അടിമാലിയിലെ മണ്ണിടിച്ചിലില്‍ 45 കാരന്‍ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാത നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്.
അന്വേഷണത്തിനുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
പഠന റിപ്പോര്‍ട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അതോറിറ്റി പ്രൊജക്‌ട് ഡയറക്ടര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവില്‍ അനുവാദം നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ച നെടുമ്ബള്ളിക്കുടിയില്‍ ബിജു(45) വിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയുടെ കാലിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പൂര്‍ത്തിയായി. ഒമ്ബത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയക്ക് ശേഷം സന്ധ്യയെ ഐസിയുവിലേക്ക് മാറ്റി.
