വഖഫ് ഭേദഗതി നിയമത്തിലെ തികച്ചും ഭരണഘടനാവിരുദ്ധമായ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി കേന്ദ്ര സർക്കാറിനുള്ള കനത്ത തിരിച്ചടിയാണെന്ന് വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
‘വഖഫ് നിയമ ദേദഗതി കടുത്ത അനീതിയാണെന്ന കേരള സർക്കാരിന്റെ നിലപാട് ഈ വിധിയിലൂടെ സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനുള്ള നീക്കത്തിനുള്ള കനത്ത പ്രഹരമാണ് ഭാഗികമായി സ്റ്റേ ചെയ്തു കൊണ്ടുള്ള വിധി.
വഖഫ് ചെയ്യാൻ 5 വർഷം മുസ്ലീം ആയിരുന്ന ആള്‍ക്കേ പറ്റൂ എന്ന മതേതര കാഴ്ചപ്പാടിനെതിരായ വ്യവസ്ഥ സ്റ്റേ ചെയ്തത് ആശ്വാസകരമാണ്. വഖഫ് സ്വത്തിലെ തർക്കത്തില്‍ അന്വേഷണം തുടങ്ങിയാല്‍ ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകും എന്ന വ്യവസ്ഥയിലെ കോടതി ഇടപെടല്‍ ശ്രദ്ധേയമാണ്. വഖഫ് സ്വത്തുക്കള്‍ വളഞ്ഞ വഴിയിലൂടെ പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന ഗൂഢനീക്കത്തിനുള്ള തിരിച്ചടിയാണിത്. തർക്കം തീർപ്പാക്കാൻ ജില്ലാ കലക്ടറെ അനുവദിക്കുന്നത് അധികാര വിഭജനത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയാണ് കോടതി ഇടപെട്ടത്. വ്യക്തിപരമായ അവകാശങ്ങള്‍ വിധിക്കാൻ കലക്ടർക്ക് അനുവാദമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ വഖഫ് ബോർഡിന്റെ അധികാരം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
കേന്ദ്ര സർക്കാർ അവരുടെ താല്‍പ്പര്യം നടപ്പാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കുമെന്ന അഹങ്കാരത്തിനേറ്റ കനത്ത അടിയാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.