കുന്നംകുളത്ത് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുതിർന്ന ഉദ്യോഗസ്ഥർ.
യുവാവിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാത്തത് ഉള്‍പ്പെടെ നിരവധി വീഴ്ചകളാണ് ഉണ്ടായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും വകുപ്പുതല നടപടികള്‍ കൈക്കൊള്ളാൻ മടിക്കുകയാണ് ഉദ്യോഗസ്ഥർ.
ദൃശ്യം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടും ദുർബല വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്. പൊലീസ് സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. അന്വേഷണ റിപ്പോർട്ടില്‍ മൂന്നാംമുറയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2023-ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് ശിക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു തൃശൂർ ഡിഐജിയുടെ പ്രതികരണം. എന്നാല്‍ എന്ത് ശിക്ഷ എന്നതിനെ കുറിച്ച് വെളിപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥന് മനസുണ്ടായില്ല. എല്ലാ പരിശോധിക്കണമെന്നും സസ്പെൻഷനോ സ്ഥലംമാറ്റമോ ഒരു ശിക്ഷ അല്ലെന്നുമായിരുന്നു പ്രതികരണം.
അതേസമയം, കേസില്‍ ഒത്തുതീർപ്പിനായി 20 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി മർദ്ദനമേറ്റ കോണ്‍ഗ്രസ് നേതാവ് സുജിത് പറഞ്ഞു. ആദ്യം 10 ലക്ഷം രൂപയാണ് പറഞ്ഞിരുന്നതെന്നും പിന്നീട് ഇത് 20 ലക്ഷമായി കൂട്ടിയെന്നും സുജിത് പറഞ്ഞു. പണം വാഗ്ദാനം ചെയ്ത് എത്തിയത് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരല്ലായിരുന്നു. നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചിരുന്നെന്നും യുവാവ് പ്രതികരിച്ചു.