നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്നതിനായി നടപ്പാക്കിയ ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി.
52 കോടി രൂപയുടെ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടായതായാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും, ഈ റിപ്പോര്‍ട്ടുകള്‍ അത്യന്തം ഗുരുതരമായി കാണണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിയമസഭാ അംഗങ്ങളുള്‍പ്പെടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നുവെങ്കിലും, യഥാസമയം യോഗങ്ങള്‍ ചേര്‍ന്നു വിശദീകരണം നല്‍കേണ്ടത് ഭാവിയിലേക്കെത്തിയിട്ടില്ലെന്ന് കത്തില്‍ വിമര്‍ശിക്കുന്നു. 2023 ജൂണ്‍ 21ന് ശേഷം ഈ സമിതി യാതൊരു യോഗവും ചേര്‍ത്തിട്ടില്ല. ഈ പശ്ചാത്തലത്തില്‍ 2025 ജൂണ്‍ 12ന് യുഡിഎഫ് എംഎല്‍എമാര്‍ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകാത്തതും പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാനമായ ആരോപണങ്ങളിലൊന്നാണ്.
പാര്‍ലമെന്ററി ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതിന്റെ ഭാഗമായി, നിയമസഭയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വലിയ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തത വരുത്തേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി, ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചെലവഴിച്ച തുകയും ഉള്‍പ്പെടുത്തി അടിയന്തരമായി വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, ഉന്നതതല സമിതിയുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.