മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം തുടങ്ങി ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാസാര്‍പാടിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *