കേരളാസര്‍വകലാശാലയില്‍ സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന പോരിന്റെ ഭാഗമായി ജോയന്റ് റജിസ്ട്രാര്‍ക്ക് സസ്പെന്ഷന്.
നിലവിലെ താല്‍ക്കാലിക വി.സി. സിസാതോമസിന്റേതാണ് നടപടി. ഡോ. പി. ഹരികുമാറിനെതിരേയാണ് നടപടി. വി.സി. പിരിച്ചുവിട്ട മീറ്റിംഗില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി.സസ്പെന്ഷന് പുറമേ റജിസ്ട്രാര്‍ ചുമതല മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തു.
മിനി കാപ്പനാണ് റജിസ്ട്രാറായി ചുമതല നല്‍കിയിരിക്കുകയാണ്. നേരത്തേ സിന്‍ഡിക്കേറ്റ് യോഗം താന്‍ പിരിച്ചുവിട്ട ശേഷം നടന്ന ചര്‍ച്ചകളില്‍ ജോ. റജിസ്ട്രാര്‍ ഹരികുമാര്‍ പങ്കെടുത്തതിനാണ് നടപടി. ഇതോടെ സര്‍വകലാശാലയ്ക്ക് രണ്ടു റജിസ്ട്രാര്‍ ഉണ്ടായിരിക്കുകയാണ്. ഇന്നലെ വൈസ് ചാന്‍ലസര്‍ സസ്പെന്റ് ചെയ്ത റജിസ്ട്രാര്‍ കെ.എസ്് അനില്‍കുമാറിന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് മാറ്റിയിരുന്നു.
തുടര്‍ന്ന് വൈകിട്ട് തന്നെ അനില്‍കുമാര്‍ എത്തി ചുമതല ഏറ്റിരുന്നു. എന്നാല്‍ താന്‍ പോയതിന് ശേഷം നടന്ന യോഗതീരുമാനങ്ങള്‍ക്ക് പ്രസ്ക്തിയില്ലെന്നായിരുന്നു സിസാതോമസിന്റെ മറുപടി. രജിസ്ട്രാറെ നിയമിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും വി.സിയുടെ തീരുമാനം ചട്ടങ്ങള്‍ മറികടന്നാണെന്നും ചൂണ്ടിക്കാട്ടിയാണ് യോഗം അനില്‍കുമാറിന്റെ സ്പെന്ഷന് റദ്ദാക്കിയത്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍, രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന അനില്‍കുമാ റിന്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. വി.സി. മോഹന്‍ കുന്നുമ്മല്‍ വിദേശപര്യടനത്തിലായതിനാലാണ് ഡിജിറ്റല്‍ സര്‍വക ലാശാല വി.സി. ഡോ. സിസാ തോമസിനു പകരം ചുമതല നല്‍കിയത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്പെന്ഷന് ചര്‍ച്ച ചെയ്യണ മെന്ന ഇടത് അംഗങ്ങളുടെ ആവശ്യം ഡോ. സിസാ തോമസ് അംഗീകരിച്ചില്ല.
താന്‍ യോഗം പിരിച്ചുവിട്ടശേഷമുള്ള തീരുമാനത്തിനു നിയമസാധുതയില്ലെന്നും രജിസ്ട്രാറുടെ സസ്പെന്ഷന് നിലനില്‍ക്കുമെന്നും സിസാ തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന് വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.