ചെന്നിത്തല ചെയ്തതുംചെയ്യരുതാത്തതും

ബാബുരാജ് കെ

മാധ്യമങ്ങളുടെ വാരിക്കുഴിയിൽ വീഴാതിരിക്കുക എന്ന കരുതൽ ഇന്നു ഏതൊരു രാഷ്ട്രീയ നേതാവിനും നിർബന്ധമാണ്. അതവർ സ്വയം ആർജ്ജിക്കേണ്ടതാണ്. ചോദ്യങ്ങൾ എല്ലാം സദുദ്ദേശപരമാകില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. മറുപടി കൊടുക്കുമ്പോൾ അളന്നു മുറിച്ചു പറഞ്ഞില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ രാഷ്ട്രീയക്കാരന് ബാധ്യതയില്ല. നോ കമന്റ്സ് എന്ന വാക്ക് ആവശ്യമുള്ളേടത്തു പ്രയോഗിക്കാൻ ഉള്ളതാണ്.

അബദ്ധത്തിൽ ചാടിയ ശേഷം മാധ്യമ പ്രവർത്തകരുടെ മേൽ കുതിര കയറിയിട്ട് കാര്യമില്ല. പ്രത്യേകിച്ച് ചാനലുകാരുടെ മേൽ. മത്സരം അത്രയേറെ കഠിനമായതിനാൽ അവർ നിസ്സഹായരാണ്. റേറ്റിങ് ഉയർത്താനുള്ള പഴുതുകൾ തേടിയാണ് അവരുടെ ദിവസം തുടങ്ങുന്നത്. ഒരിടത്തൊരാൾ പറഞ്ഞ കാര്യത്തിൽ മറ്റൊരാളോട് പ്രതികരണം ചോദിക്കും. അവരുടെ വായിൽ നിന്നു എന്തെങ്കിലും വീണു കിട്ടിയാൽ അതാഘോഷിക്കും. ഇതൊക്കെയാണ് ഇന്നത്തെ മാധ്യമ ശൈലി. ലോക ഹെവി വെയിറ്റ് ചാമ്പ്യൻ മുഹമ്മദലി മരിച്ചപ്പോൾ ഇ പി ജയരാജനു ആളു മാറിപ്പോയത് തിരിച്ചറിഞ്ഞിട്ടും ചാനൽ ലേഖകൻ അതു തിരുത്താൻ നിൽക്കാതെ ആഘോഷിക്കുകയാണ് ചെയ്തത്. മരിച്ച ആൾക്ക് അനുശോചനം പറയുമ്പോൾ കെ സുധാകരന് ആളു മാറിയതും ലേഖകൻ അറിയാത്തതല്ല. സുധാകരനെ നാണം കെടുത്താൻ അതുപയോഗിക്കുകയാണ് ചെയ്തത്.

ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാവാണ് രമേശ്‌ ചെന്നിത്തല. കെ കരുണാകരൻ കോൺഗ്രസ്‌ പിളർത്തി ഡി ഐ സി രൂപീകരിച്ച ശേഷം സംസ്ഥാന കോൺഗ്രസ്‌ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലത്താണ് അദ്ദേഹം കെ പി സി സി പ്രസിഡന്റ്‌ ആയി ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തു ലാൻഡ് ചെയ്യുന്നത്. അക്കാലത്തു ഞാൻ അവിടെ മാധ്യമം ലേഖകനാണ്. പിളർപ്പിന്റെ പരിക്കുകളിൽ നിന്നു പാർട്ടിയെ വീണ്ടെടുക്കുന്നതിൽ ചെന്നിത്തല നിർണായക പങ്കു വഹിച്ചു. കരുണാകരൻ നേതൃത്വം നൽകിയ ഐ ഗ്രൂപ്പിന്റെ നായക സ്ഥാനം സ്വാഭാവികമായും ചെന്നിത്തലക്കു ലഭിച്ചു. മുൻപ് ഐ ഗ്രൂപ്പുകാരനായിരുന്ന ചെന്നിത്തല ജി കാർത്തികേയനോടൊപ്പം തിരുത്തൽ വാദിയായി പോയ ആളാണ്. കരുണാകരൻ പുറത്തു പോയതോടെ ഉമ്മൻ‌ചാണ്ടിയും അദ്ദേഹത്തിന്റെ എ ഗ്രൂപ്പും കോൺഗ്രസിൽ ശക്തമായ കാലമായിരുന്നു അത്. പാർട്ടിയേക്കാൾ പരിഗണന ഗ്രൂപ്പിന് നൽകിയ ആളായിരുന്നു ഉമ്മൻ‌ചാണ്ടി. എന്നാൽ ചെന്നിത്തല പാർട്ടി താല്പര്യത്തിന് മുന്നിൽ ഗ്രൂപ്പ് താല്പര്യം ഉപേക്ഷിക്കുന്ന ആളായിരുന്നു. ആന്റണി- കരുണാകരൻ കാലത്തെ അപേക്ഷിച്ചു ഉമ്മൻ‌ചാണ്ടി- ചെന്നിത്തല കാലഘട്ടം സൗഹൃദത്തിന്റേതും വിട്ടു വീഴ്ചകളുടേതുമായിരുന്നു. ഇരുവരും തമ്മിൽ നല്ല സൗഹൃദവുമായിരുന്നു.

ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലക്ക് താക്കോൽ സ്ഥാനം കൊടുക്കണമെന്ന് എൻ എസ്‌ എസ്‌ നേതാവ് ജി സുകുമാരൻ നായർ പരസ്യമായി ആവശ്യപ്പെട്ടപ്പോൾ അതു തള്ളിക്കളയാതിരുന്നതു ചെന്നിത്തലക്ക് പറ്റിയ വലിയൊരു രാഷ്ട്രീയ വീഴ്ച ആയിരുന്നു. ചെന്നിത്തലക്ക് വേണ്ടിയുള്ള എൻ എസ്‌ എസ്‌ ഇടപെടൽ അദ്ദേഹത്തിന്റെ മേൽ ജാതി പരിവേഷം വരാൻ ഇടയാക്കി. അതു മാറിക്കിട്ടാൻ കാലം കുറേ വേണ്ടി വന്നു. ആഭ്യന്തര മന്ത്രിയായി അദ്ദേഹം ചെറിയ കാലയളവു മാത്രമേ ഉണ്ടായിരുന്നെങ്കിലും അക്കാലത്തെ പൊലീസ് ഭരണം മികച്ചതായിരുന്നു. പോലീസിൽ ഇന്നത്തെഅച്ചടക്ക രാഹിത്യം അന്നു കാണപ്പെട്ടില്ല. ഉമ്മൻ‌ചാണ്ടിക്കെതിരെ ഉയർന്ന സോളാർ ആരോപണങ്ങളും കെ എം മാണി ഉൾപ്പെട്ട ബാർ കോഴയും അന്നത്തെ സർക്കാരിന് വലിയ തിരിച്ചടിയാവുകയും 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. ഉമ്മൻ‌ചാണ്ടിയുടെ ഉറച്ച പിന്തുണയിലാണ് പ്രതിപക്ഷ നേതാവായി ചെന്നിത്തല സ്ഥാനമേറ്റത്. പ്രളയവും കോവിഡും അനുബന്ധമായി വന്ന പ്രയാസങ്ങളും കാരണം രാഷ്ട്രീയ പ്രവർത്തനം തന്നെ സ്തംഭിച്ച കാലമായിരുന്നു അത്. യു ഡി എഫിൽ നിന്നു മാണി കേരള കോൺഗ്രസ്‌ വിട്ടു പോയി 2021 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ഭാഗമായി നിന്നു മത്സരിച്ചത് യു ഡി എഫ് ചെയർമാൻ എന്ന നിലയിൽ ചെന്നിത്തലക്ക് വ്യക്തിപരമായ ഒരു തിരിച്ചടി കൂടിയായിരുന്നു. യു ഡി എഫ് പ്രതീക്ഷകൾ തകർത്തു രണ്ടാം പിണറായി സർക്കാർ ഉയർന്ന ഭൂരിപക്ഷത്തിൽ ഭരണത്തിൽ വന്നപ്പോൾ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃ പദവിക്കും വെല്ലുവിളി ഉയർന്നു. ഉമ്മൻ‌ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തരായിരുന്നവർ പുതിയൊരു ഗ്രൂപ്പായി മാറി വി ഡി സതീശനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിൽ വിജയിച്ചു. ഈ ഗ്രൂപ്പ് ഇന്നു സംസ്ഥാന കോൺഗ്രസിൽ ശക്തമാണ്. അതിന്റെ പ്രധാന കാരണം കെ സി വേണുഗോപാൽ അതിന്റെ പിന്നിൽ ഉണ്ടെന്നതാണ്. പഴയ എ- ഐ ഗ്രൂപ്പുകൾ ഇപ്പോൾ വല്ലാതെ ക്ഷീണിക്കുകയും ചെയ്തു. അതിൽത്തന്നെ എ ഗ്രൂപ്പ് ഏറെക്കുറെ അസ്തമിച്ച മട്ടാണ്. ഉമ്മൻ‌ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പോലും എ ഗ്രൂപ്പിലില്ല. കെ സി വേണുഗോപാലിന്റെ കൂടെയാണ്.

വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ, ഭരണം കിട്ടിയാൽ ആരു മുഖ്യമന്ത്രി ആകും എന്ന ചർച്ച മാധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ആരാകും, പി വി അൻവറിനെ എടുക്കുമോ എന്നീ ചോദ്യങ്ങളാണ് ഏതു കോൺഗ്രസ്‌ നേതാവിനെ കാണുമ്പോഴും ചാനലുകാർക്ക് ചോദിക്കാനുള്ളത്. ഒരാളോട് തന്നെ രാവിലെ ചോദിച്ചത് ഉച്ചക്കും വൈകുന്നേരവും ചോദിക്കും. മീഡിയ വൺ ചാനൽ അൻവറിന്റെ വക്കാലത്തു ഏറ്റെടുത്തതു പോലെയാണ് തോന്നിക്കുന്നത്. എങ്ങിനെയെങ്കിലും അൻവറിനെ യു ഡി എഫിൽ എത്തിക്കാൻ നോമ്പു നോറ്റത് പോലെ.

ഉപതെരഞ്ഞെടുപ്പുകളിലെ വിജയം വി ഡി സതീശന്റെ പ്രതിശ്ചായ പാർട്ടിയിൽ വർധിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. പി വി അൻവർ വിഷയത്തിലും സതീശന്റെ നിലപാടിനൊപ്പമാണ് കോൺഗ്രസ്‌ പ്രവർത്തകരിൽ ഭൂരിഭാഗവും. അതു തിരിച്ചറിയാതെ

തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ അൻവർ 20000 വോട്ട് നേടിയത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അൻവറിന് അനുകൂലമായാണ് ചെന്നിത്തല പറഞ്ഞത്. സതീശ നിസത്തെ പറ്റിയുള്ള ചോദ്യത്തിനും അങ്ങിനെയൊന്നില്ല എന്നു സ്ഥാപിക്കാൻ ശ്രമം നടത്തി. തൊട്ടു പിറകെ ക്യാപ്റ്റൻ വിഷയം ഏഷ്യാനെറ്റ്‌ ലേഖകൻ ഉന്നയിച്ചപ്പോൾ അനാവശ്യമായ വിശദീകരണമാണ് ചെന്നിത്തല നടത്തിയത്. രാഷ്ട്രീയത്തിൽ തെറ്റായ ഒരു വാക്ക്, ഒരു ചലനം.. അതിനു കൊടുക്കേണ്ടി വരുന്ന വില വലുതാണ്. രമേശ്‌ ചെന്നിത്തല ഒന്നും ഒളിച്ചു വെക്കാനില്ലാത്ത തുറന്ന മനസ്സുള്ള പ്രകൃതക്കാരൻ ആയതു കൊണ്ടായിരിക്കാം ഇവ്വിധത്തിലുള്ള ഇൻസ്റ്റന്റ് പ്രതികരണങ്ങൾ വന്നത്. കുറച്ചു കുതന്ത്രവും കുരുട്ടു ബുദ്ധിയുമൊക്കെ വേണം രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *