സൈനിക താവളങ്ങള്‍ തരൂ, പകരം യുദ്ധവിമാനങ്ങള്‍ നല്‍കാം; പാകിസ്താനോട് ട്രംപ്

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍നിന്ന് പെട്ടെന്ന് തിരിച്ചുപോവുകയും പാകിസ്താൻ സൈനികമേധാവി അസീം മുനീറിന് ബുധനാഴ്ച്ച ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാകിസ്താനെ വരുതിയിലാക്കിയതായി സൂചന.

ഇസ്രയേല്‍-ഇറാൻ സംഘർഷത്തില്‍ വൻവഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമാണ് ഇതെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്‌, പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.

ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നല്‍കുന്നതിന് പകരമായി പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാൻ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താൻ നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ ഈ വാഗ്ദാനം നിലനില്‍ക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് പറഞ്ഞു.

പാകിസ്താന് വലിയ തോതില്‍ സാമ്ബത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്ന് മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം അമേരിക്ക ചേർന്നാല്‍, പാകിസ്താനെ തന്റെ പക്ഷത്ത് നിർത്താൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത നയതന്ത്രജ്ഞൻ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.

പാകിസ്താനും യു.എസും തമ്മില്‍ കാലങ്ങളായി നീണ്ടുനില്‍ക്കുന്ന സൗഹൃദത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമായിരിക്കും ഇത്. അസിം മുനീറിനെ കണ്ടുമുട്ടിയതിലൂടെ തനിക്ക് ആദരം ലഭിച്ചെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. മുനീറിനെ ‘ബുദ്ധിമാനായ’ വ്യക്തിയായി വിശേഷിപ്പിക്കുകയും ചെയ്തു.

ശീതയുദ്ധത്തിലും അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിലും പാശ്ചാത്യ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ജോ ബൈഡൻ ഭരണകാലത്ത് യുഎസ്-പാകിസ്താൻ ബന്ധം ശിഥിലമായി. നാല് വർഷത്തിനിടയില്‍ ബൈഡൻ പാകിസ്താനി നേതാക്കളെ കാണുകയോ ചർച്ചയ്ക്ക് ക്ഷണിക്കുകയോ ചെയ്തില്ല. എന്നാല്‍, ട്രംപ് രണ്ടാം തവണ അധികാരമേറ്റതോടെ പാകിസ്താനുമായുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പഹല്‍ഗാം തീവ്രവാദി ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ വക്കോളമെത്തിയ ഏറ്റുമുട്ടല്‍ താനാണ് ആണവയുദ്ധത്തിലേക്ക് പോവാതെ നോക്കിയതെന്ന് ട്രംപ് അവകാശപ്പട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് വാദിക്കുന്നത് തുടരുക മാത്രമല്ല, കാശ്മീർ വിഷയത്തില്‍ ഇടപെടാൻ ശ്രമിക്കുകയും ചെയ്തതെല്ലാം ഈ ലക്ഷ്യം വെച്ചാണെന്ന് വിശകലനമുണ്ട്.

പാകിസ്താന്റെ സൈനിക ഉപകരണങ്ങളില്‍ ഏറിയ പങ്കും യുഎസ് നിർമ്മിതമാണ്. ഇപ്പോഴും എഫ്-16 യുദ്ധവിമാനങ്ങള്‍, നാവിക കപ്പലുകള്‍ തുടങ്ങിയ അമേരിക്കൻ നിർമ്മിത സംവിധാനങ്ങള്‍ പാകിസ്താൻ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അടുത്തിടെ പാകിസ്താൻ ചൈനയുമായി കൂടുതല്‍ അടുക്കുകയും അവിടെനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് സൈനിക സംവിധാനങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഭാവിയില്‍ ഇതു തടയുക കൂടി ട്രംപിന്റെ ലക്ഷ്യമാണെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *