അഴീക്കല്‍ തീരത്തിന് സമീപം വെച്ച് എംവി വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് രാസമാലിന്യം കണ്ണൂരിലെ തീരങ്ങളിലും അടിഞ്ഞുകൂടുമെന്ന ആശങ്ക ശക്തമായി.
ഇതേ തുടർന്ന് കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍വെള്ള സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി. അപകടകരമായ വസ്തുക്കള്‍ ഉണ്ടാകാൻ സാധ്യതയുള്ള നിരവധി കണ്ടെയ്‌നറുകള്‍ അറബിക്കടലില്‍ വീണിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് കടല്‍വെള്ള പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ ആസിഡ്, ലിഥിയം ബാറ്ററികള്‍, ടർപേന്റൈൻ, വെടിമരുന്ന് എന്നിവയുള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരുന്നതായി പ്രാഥമിക വിവരമുണ്ട്. ഇവയെല്ലാം വേഗത്തില്‍ തീപിടിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരവുമാണ്.പയ്യാമ്ബലം ബീച്ച്, അഴീക്കല്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ജല സാമ്ബിള്‍ ശേഖരിച്ചു തുടങ്ങിയത്.
അപകടസ്ഥലത്ത് നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള അഴീക്കല്‍ തുറമുഖത്തെ ഒരു ഉദ്യോഗസ്ഥന്, കപ്പലില്‍ നാല് തരം അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചു.”ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവയില്‍ ചില രാസവസ്തുക്കള്‍ സ്വയമേവ കത്താൻ സാധ്യതയുള്ളവയാണ് ,” ഉദ്യോഗസ്ഥൻ പറഞ്ഞു.കടലിലെ ജൈവസമ്ബത്തിനെയും ജലസുരക്ഷയെയും ഇത് ബാധിക്കുമെന്ന ആശങ്ക പ്രദേശനിവാസികളും പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധനയും നിയന്ത്രണ നടപടികളും പൂർണ്ണ തോതില്‍ തുടരുന്നുണ്ട്. പൊതുജനാരോഗ്യത്തിന് മുൻഗണന നല്‍കിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.