കേരളാ തീരത്ത് വീണ്ടും കപ്പല്‍ ദുരന്തം. ബേപ്പൂർ- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു.
ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്.കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇരുപതിലധികം കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായി റിപ്പോർട്ടുണ്ട്. 22 ജീവനക്കാർ കപ്പലില്‍ ഉണ്ടെന്നാണ് വിവരം.
വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിനാണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു.പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായിട്ടുണ്ട് എന്നും റിപോർട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 തൊഴിലാളികളില്‍ 18 പേർ കടലില്‍ ചാടി. ഇവരെ രക്ഷാ ബോട്ടുകളില്‍ രക്ഷപെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല.അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല
രക്ഷാദൗത്യം തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.
270 മീറ്റർ നീളമുള്ള താരതമ്യേന വലിയ ചരക്കുകപ്പലാണ് എം.വി വാൻ ഹായ് 503 . കൊളംബോയില്‍ നിന്നും ഇന്നലെയാണ് കപ്പല്‍ പുറപ്പെട്ടത്.
നാളെ മുംബൈയിലെക്കെത്താനിരിക്കെയാണ് അപകടം. രാവിലെ 10.30 യോടെ ആണ് അപകടവിവരം ലഭിച്ചത്.