ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സഞ്ജീവ് നരുലയാണ് നിരീക്ഷണം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2024 മാര്‍ച്ച് മാര്‍ച്ച് 18-ന് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചുളള ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നുളള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.