ഇത്രയും കാലം ദുബായ്ക്കും കൊളംബോയ്ക്കും ലഭിക്കാത്ത ആ നേട്ടം കേരളത്തിന്; ദക്ഷിണേഷ്യയില്‍ ആദ്യം

ശ്രീലങ്കയിലെ കൊളംബോയിലും ദുബായിലുമുള്ള തുറമുഖങ്ങളില്‍ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പല്‍ സീരീസിലെ എം.എസ്.സി തുർക്കി ചരക്കുകപ്പല്‍ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി മാറി.

സമുദ്രവ്യാപാര മേഖലയില്‍ ലോകത്തെ സുപ്രധാന തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര മാരിടൈം ഭൂപടത്തില്‍ വിഴിഞ്ഞം സ്ഥാനമുറപ്പിച്ചു കഴിഞ്ഞെന്നും ആഗോള പ്രശസ്തിയാർജ്ജിച്ചെന്നുമാണ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.

ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് എം.എസ്.സി തുർക്കി നങ്കൂരമിടുന്നത് ആദ്യമാണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്ബനിയുടെ (എം.എസ്.സി) അള്‍ട്രാലാർജ് ഇനത്തിലെ കപ്പലിന് 399.9 മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346 കണ്ടെയ്നറുകള്‍ വഹിക്കാം. ഏറ്റവുംകുറച്ച്‌ കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധന ക്ഷമതയുമുള്ളതുമായ കണ്ടെയ്നർ ഷിപ്പാണിത്. തുറമുഖത്തിന്റെ ഔദ്യോഗിക കമ്മിഷനിംഗ് നടക്കും മുമ്ബാണ് ഈ ചരിത്രനേട്ടം. കഴിഞ്ഞ ജൂലായില്‍ ട്രയല്‍ ഓപ്പറേഷനും ഡിസംബറില്‍ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ തുറമുഖം ഇതുവരെ 250 ലേറെ കപ്പുകളിലായി 6 ലക്ഷത്തോളം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. പ്രതിദിനം ശരാശരി 3000കണ്ടെയ്നറുകള്‍ നീക്കുന്നുണ്ട്.

ആദ്യഘട്ടം കമ്മിഷൻ ചെയ്യുമ്ബോള്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാവും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ 2028 ഡിസംബറില്‍ പൂർത്തിയാകുന്നതോടെ തുറമുഖശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഒരു കപ്പല്‍ വന്നുപോവുമ്ബോള്‍ ശരാശരി ഒരുകോടി രൂപ തുറമുഖ കമ്ബനിക്ക് ലഭിക്കും. തുറമുഖത്തേക്ക് കൂടുതല്‍ കപ്പലുകളെത്തുന്നത് നികുതിവരുമാനം വർദ്ധിപ്പിക്കും. ചരക്കിറക്കുമ്ബോള്‍ അതിന്റെ മൂല്യത്തിന്മേലുള്ള ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തിനാണ്. ചരക്കുകള്‍ ലോഡ്, അണ്‍ലോഡ് ചെയ്യുന്നതിനുള്ള ഫീസിനും തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും ഇന്ധനംനിറയ്ക്കുമ്ബോഴും നികുതി ലഭിക്കും. തുറമുഖത്തെ വരുമാനത്തിന്റെ 18%ആണ് ജി.എസ്.ടിയായി ചുമത്തുന്നത്. ഇത് സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും. തുറമുഖത്തേക്ക് മൂന്ന് ക്രെയിനുകളെത്തിച്ചതിന് 30 കോടിയായിരുന്നു ജി.എസ്.ടി.

കമ്മിഷനിംഗിന് പത്തുവർഷത്തിനു ശേഷം തുറമുഖത്തെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരിന് കിട്ടും. ഇത് ഓരോ വർഷവും ഒരുശതമാനം വീതം കൂടും (പരമാവധി 25%). 40വർഷം വരെ ഈ വരുമാനം സർക്കാരിന് കിട്ടും. 65വർഷം തുറമുഖനടത്തിപ്പ് അദാനിക്കാണ്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028 ഡിസംബറിനകം പൂർത്തിയാക്കും. കരാർ പ്രകാരം ഇത് 2045ലാണ് പൂർത്തിയാവേണ്ടിയിരുന്നത്. നിശ്ചയിച്ചതിലും 17വർഷം മുൻപ് എല്ലാ ഘട്ടങ്ങളും പൂർത്തിയാവുന്നതിലൂടെ വൻനിക്ഷേപം വരും. തുറമുഖത്തിന്റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 30ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴിയാണ് ഇത് 45 ലക്ഷമായി ഉയരുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറും.

വികസനത്തിന് അദാനിയുടെ 20,000 കോടി

തുറമുഖ വികസനത്തിനായി 20,000 കോടി അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂറ്റൻ ട്രാൻഷിപ്പ്മെന്റ് പോർട്ടാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് എം.ഡി കരണ്‍ അദാനി സർക്കാരിന്റെ നിക്ഷേപക സംഗമത്തില്‍ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് ഇതുവരെ നിക്ഷേപിച്ച 5000കോടിക്ക് പുറമെയാണ് അദാനിയുടെ 20,000കോടി. ഇതില്‍ 9600കോടി തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിനാണ്. തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കി മാറ്റാനുള്ളതാണ് ബാക്കി പദ്ധതികള്‍. സിമന്റ് മിക്സിംഗ് യൂണിറ്റടക്കം തുറമുഖത്ത് സ്ഥാപിക്കാൻ അദാനിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും സ്ഥല ലഭ്യതയില്ലാത്തതാണ് പ്രശ്നം. കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ് ടെർമിനല്‍ എന്നിവയും വരും.

ലക്ഷ്യം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്

രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028ല്‍ പൂർത്തിയാവുന്നതോടെ വിഴിഞ്ഞം തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബായി മാറുമെന്നാണ് സർക്കാർ വിലയിരുത്തല്‍. അപ്പോഴേക്കും പാസഞ്ചർ കാർഗോ ഷിപ്പ്‌മെന്റ് സൗകര്യങ്ങളുമെത്തും. അതോടെ കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും കവാടമായി വിഴിഞ്ഞം മാറും. വിഴിഞ്ഞത്തിനൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും 17 ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളം ദക്ഷിണേഷ്യയിലെ തുറമുഖങ്ങളുടെ നായകനായി മാറുമെന്ന് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിതരണശൃംഖലയില്‍ വല്ലാർപാടവും വിഴിഞ്ഞവും കേരളത്തിന് ഇരട്ട കരുത്തേകും. വിഴിഞ്ഞം പൂർത്തിയാവുന്നതോടെ കേരളം സുസ്ഥിര, പരിസ്ഥിതി സൗഹാർദ്ദ വികസനത്തിന് ലോകമാതൃകയായി മാറും. ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്കുള്ള 10കിലോമീറ്റർ റെയില്‍വേ ടണല്‍ നാലുവർഷത്തിനകം യാഥാർത്ഥ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *