രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ച്‌ പ്രഹ്‌ളാദ് ജോഷി

സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖര്‍ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വച്ചത്.

നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രഹ്‌ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

കേരളത്തില്‍ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ പ്രഹ്‌ളാദ് ജോഷി അഭിനന്ദിച്ചു. ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിനായി പ്രവര്‍ത്തിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്നും കരുത്തനായാ മലയാളിയാണെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് സ്ഥാനമൊഴിയുന്ന കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി.ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് ഊര്‍ജം നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മൂന്നാമതുള്ള മുന്നണിയെ നയിക്കല്‍ ശ്രമകരമാണെന്നും ഇനി അതുണ്ടാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ പോലും എല്‍ഡിഎഫുമായോ യുഡിഎഫുമായോ നീക്കുപോക്ക് ഉണ്ടാകില്ലെന്നതാണ് ഉറച്ച നിലപാട്. ഇനിയുള്ള ദശാബ്ദം കേരളം ഭരിക്കാനുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സീനിയര്‍ നേതാക്കള്‍ക്ക് പകരം ടെക്‌നോക്രാറ്റായ രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനാകുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്കപ്പുറം യുവാക്കളെയും പ്രൊഫഷണലുകളെയും കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് രാജീവ് വഴിയുള്ള പരീക്ഷണം . തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണിച്ച പോരാട്ടവീര്യവും കണക്കിലെടുത്തു.

ഓസ്‌ട്രേലിയയില്‍ എഐ സെമിനാറിലേക്ക് പോകാനൊരുങ്ങിയ രാജീവിനോട് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി യോഗത്തിനെത്താനുള്ള ദില്ലി നിര്‍ദ്ദേശത്തില്‍ തന്നെ സൂചനയുണ്ടായിരുന്നു. രാവിലെ കോര്‍കമ്മിറ്റിക്ക് മുമ്ബ് പ്രകാശ് ജാവഡേക്കര്‍ ആദ്യം രാജീവ് ചന്ദ്രശേഖറിനോട് സംസാരിച്ചു. പിന്നെ നേതാക്കളെ ഒറ്റക്ക് ഒറ്റക്ക് കണ്ട് അധ്യക്ഷന്‍ രാജീവാണെന്ന സന്ദേശം അറിയിച്ചു. ഇതിനുശേഷം യോഗത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടായി.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളുടേയും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെയാണ് രാജീവ് ചന്ദ്രശേഖര്‍ വരണാധികാരിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

സംസ്ഥാന ബിജെപിയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയ ഗ്രൂപ്പുകള്‍ക്കെതിരായ കേന്ദ്ര നേതൃത്വത്തിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് ഗ്രൂപ്പുകള്‍ക്കതീതനായ രാജീവിന്റെ അധ്യക്ഷ സ്ഥാനം. പുതിയ നായകനൊപ്പം കോര്‍കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും അഴിച്ചുപണി വരും. സീനിയര്‍ നേതാക്കള്‍ക്കൊപ്പം യുവാക്കളും സംഘടനാ അഴിച്ചുപണിയുടെ ഭാഗമാകും. തദ്ദേശ തെരഞ്ഞെടുപ്പാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ ആദ്യ വെല്ലുവിളി.

30 അംഗ ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷം കേരളത്തില്‍ നിന്നുള്ള 30 അംഗ ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍. അനില്‍ ആന്റണി, പികെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് ,സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ എസ് രാധാകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, പി സി ജോര്‍ജ്, പള്ളിയറ രാമന്‍, പ്രതാപ ചന്ദ്ര വര്‍മ, സി രഘുനാഥ്, പി രാഘവന്‍ തുടങ്ങിയവരടക്കമുള്ളവര്‍ ദേശീയ കൗണ്‍സിലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *