ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അറു വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനല്‍കാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.
രാത്രിയില്‍ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോണ്‍ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു.
അതിനിടെ തിരുവനന്തപുരത്തെ ഒരു കാര്‍ വാഷിങ് കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തുകയും രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയില്‍ എത്തിയെന്ന സംശയത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.
കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.