ഇത് പച്ചയായ വിഘടനവാദം ; രൂപയുടെ ചിഹ്നം 2010 ല്‍ തിരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല ; സ്റ്റാലിനെതിരെ ആഞ്ഞടിച്ച്‌ നിര്‍മ്മല സീതാരാമൻ

തമിഴ്നാട്ടില്‍ ഡി.എം.കെ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് രേഖകളില്‍ രൂപയുടെ ചിഹ്നം ഒഴിവാക്കിയെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച്‌ ധനമന്ത്രി നിർമ്മല സീതാരാമൻ.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നങ്ങളെ മാറ്റി നിർത്തുന്നത് പച്ചയായ വിഘടനവാദമാണെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 2010 ല്‍ ഈ ചിഹ്നം തിരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് തമിഴ്നാട്ടില്‍ നിന്ന് പ്രതിഷേധമുയർന്നില്ലെന്നും അവർ ചോദിച്ചു.തമിഴ് യുവാവും മുൻ ഡി.എം.കെ എം.എല്‍.എ ധർമ്മ ലിംഗത്തിന്റെ മകൻ ഡി ഉദയകുമാറായിരുന്നു ഈ ചിഹ്നം രൂപകല്‍പ്പന ചെയ്തത്. ഇത് ഒഴിവാക്കിയതിലൂടെ ദേശീയ ചിഹ്നങ്ങളെ മാത്രമല്ല തമിഴ് യുവതയുടെ സംഭാവനയേയും അവഹേളിക്കുകയാണ് സ്റ്റാലിൻ സർക്കാരെന്ന് അവർ ചൂണ്ടിക്കാട്ടി. റുപൈ എന്ന പദം സംസ്കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും നിർമ്മല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നമാണ് തമിഴ്നാട് സർക്കാർ ഒഴിവാക്കുന്നത്. രാജ്യത്തിന് പുറത്ത് യുപിഐ പേയ്മെന്റുകള്‍ നടത്തുമ്ബോഴും മൂല്യമുള്ള ചിഹ്നമാണിത്. ദേശീയ കറൻസി ചിഹ്നത്തെ അപമാനിക്കുകയാണ് തമിഴ്നാട് സർക്കാർ ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായി ദേശീയ ചിഹ്നങ്ങളേയും രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ ഏകതയെ ആണ് ചോദ്യം ചെയ്യുന്നത്.ഇത് വെറുമൊരു പ്രതീകാത്മക പ്രതിഷേധമല്ല. അപകടകരമായ വിഘടനവാദമാണ്. പ്രാദേശികാഭിമാനത്തിന്റെ പേരില്‍ നടക്കുന്ന പച്ചയായ വേറിടല്‍ വാദമാണ്. ഭാഷയുടേയും പ്രാദേശിക വാദത്തിന്റെയും പേരില്‍ ഈ കാണിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട ഒരു വാദമാണെന്നും നിർമ്മല മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *