ഹോട്ടലുടമയെ പിടികൂടിയത് ബസില്‍നിന്ന്; കബളിപ്പിക്കാന്‍ കാര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചു

പീഡനശ്രമം ചെറുക്കുന്നതിനിടെ, ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. കുന്ദംകുളത്ത് വെച്ചാണ് ഇയാളെ മുക്കം പോലിസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് യുവതി താമസിച്ചിരുന്ന മുക്കം മാമ്പറ്റയിലെ വീട്ടിലേക്ക് ഹോട്ടല്‍ ഉടമയായ ദേവദാസും ജീവനക്കാരും അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് ഇവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രക്ഷയില്ലാതെ വന്നപ്പോള്‍ യുവതി വീടിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പ്രതി ദേവദാസിനെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു. കൂട്ടുപ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസും സുരേഷും ഉടന്‍ പിടിയിലാകുമെന്നാണ് സൂചനകള്‍. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. യുവതിയുടെ ബന്ധുക്കള്‍ സംഭവത്തിന്റെ ഡിജിറ്റല്‍ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *