ഭക്ഷ്യഎണ്ണകള്‍ പുനരുപയോഗിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം.

ആരോഗ്യത്തിന് ഹാനികരമാകുംവിധം മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ എണ്ണ പുനരുപയോഗം നടത്തുന്നവർക്കെതിരേ ഒരു ലക്ഷം രൂപ പിഴചുമത്തും.

50 ലിറ്ററില്‍ കൂടുതല്‍ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകള്‍, ചിപ്‌സ്-മിക്‌സ്ചർ നിർമാണ യൂണിറ്റുകള്‍, മറ്റു ബേക്കറി സാധനങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങള്‍ എന്നിവ നിർബന്ധമായും ഉപയോഗിച്ച എണ്ണ കൈമാറിയിരിക്കണം. ഇതിനായി സ്ഥാപനത്തില്‍ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. അംഗീകൃതമായ ഏത് കമ്ബനിക്കുവേണമെങ്കിലും എണ്ണ നല്‍കാം.

20 ശതമാനത്തില്‍ കൂടുതല്‍ മൊത്തം പോളാർ കോമ്ബൗണ്ടുകള്‍ ഇല്ലാത്ത എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയില്‍ ബോധ്യപ്പെടുകയും വേണം. പാചകത്തിനുള്ള എണ്ണ അന്നന്നുതന്നെ ഉപയോഗിച്ചുതീർക്കുന്നതാണ് ഉത്തമം. ഉപയോഗിച്ച എണ്ണ ഭക്ഷ്യാവശ്യത്തിന് വീണ്ടും ഉപയോഗിച്ചാല്‍ കാൻസർ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവും.

സംസ്ഥാനത്ത് 30-ഓളം ഏജൻസികള്‍ മുഖേന ഭക്ഷ്യവകുപ്പ് എണ്ണ ശേഖരിക്കുന്നുണ്ട്. ഉപയോഗിച്ച എണ്ണ ലിറ്ററിന് 50-60 രൂപ വിലയ്ക്കാണ് ഏജൻസികള്‍ വാങ്ങുന്നത്. ഇവ കേന്ദ്രസർക്കാരിന്റെ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികള്‍ പ്രകാരം ബയോ ഡീസല്‍ ഉത്‌പാദനത്തിനായി പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നൂറിലേറെ സ്ഥാപനങ്ങള്‍ ഉപയോഗിച്ച എണ്ണ കൈമാറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *