മേല്‍ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരമാശം ; എൻ പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി.

കുറ്റാരോപണ മെമ്മോക്ക് മറുപടി നല്‍കാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി.

മറുപടി നല്‍കാത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍. മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ച്‌ ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങള്‍ അയച്ച്‌ പ്രതിഷേധിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ നിരന്തരം അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേല്‍ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങള്‍.

അതേസമയം, പ്രശാന്തിനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട ഗോപാല കൃഷ്ണൻ ഐ.എ.എസിനെ സർവീസില്‍ തിരിച്ചെടുത്തു. മതത്തിന്റെ പേരില്‍ വാട്സ് ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ ഗ്രൂപ്പും പിന്നീട് മുസ്‍ലിം ഗ്രൂപ്പും രൂപീകരിച്ചത് പുറത്തുവന്നതിനെതുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ അദ്ദേഹത്തെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

സസ്‌പെൻഷൻ റിവ്യു കമിറ്റിയുടെ ശുപാർശയില്‍ തിരിച്ചെടുക്കാൻ ഉത്തരവ് വന്നത്. വകുപ്പുതല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാനായില്ലെന്നാണ്‌ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്‌പെന്‍ഷന്‍ റിവ്യൂ സമിതി യോഗം ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക്‌ കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *