സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.

ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത്. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നും ബിനോയ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വോട്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക, പെന്‍ഷന്‍ ആയി കൈമാറി. പ്രചാരണത്തിനിടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി നല്‍കിയ കൈക്കൂലിയാണ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ നിയമ വിരുദ്ധമാണ് സുരേഷ് ഗോപിയുടെ നടപടി. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *