വൈദ്യുതിബില്ലില്‍ ക്യു.ആർ. കോഡ് ഉള്‍പ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം.
ഏതാനും മാസങ്ങള്‍ക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങള്‍ ക്ഷണിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരം ക്യു.ആർ. കോഡ് നല്‍കുന്നതും പരിഗണനയിലാണ്. സുരക്ഷിതമായി ഒരുസ്ഥലത്ത് ഒട്ടിച്ചുവെക്കാം. കോഡ് സ്കാൻചെയ്താല്‍ അതത് കാലത്തെ വൈദ്യുതിബില്ലിന്റെ വിവരങ്ങള്‍ അറിയാം. പണം അടയ്ക്കുകയും ചെയ്യാം.
ബില്‍ നല്‍കുമ്ബോള്‍ത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തില്‍ ബോർഡ് ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്ബലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോള്‍ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍.
ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോള്‍ കെ.എസ്.ഇ.ബി. പ്രാമുഖ്യം നല്‍കുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കസ്റ്റമർ കെയർസെന്റർ തുടങ്ങും. പരാതികള്‍ പരിഹരിക്കാൻ പ്രൊഫഷണല്‍ ഏജൻസിയുടെ സഹായത്തോടെ കോള്‍സെന്റർ സേവനം നല്‍കണമെന്നും ചെയർമാൻ പറഞ്ഞു.
വൈദ്യുതിബോർഡിന്റെ മാസവരുമാനം 1750 കോടി, ചെലവ് 1950 കോടി
മാസം 1750 കോടി ശരാശരി വരുമാനം ലഭിക്കുമ്ബോള്‍ വൈദ്യുതി ബോർഡ് ചെലവിടേണ്ടിവരുന്നത് 1950 കോടി രൂപ. മാസംതോറും 200 കോടിയാണ് ബോർഡിന് അധികം കണ്ടെത്തേണ്ടിവരുന്നത്.
‘ഇങ്ങനെപോയാല്‍ കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യാവും’ എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയില്‍ ബോർഡിന്റെ പ്രതിമാസവരുമാനം 150 കോടിയെന്ന് ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞതായി ചേർത്തിരുന്നത് പിശകാണ്.