കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവച്ച്‌ പുറത്തുപോകണം’; പ്രതികരിച്ച്‌ സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചതില്‍ പ്രതികരിച്ച്‌ സന്ദീപ് വാര്യർ.

രാജി സന്നദ്ധ രാഷ്ട്രീയ നാടകമാണെന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്. രാജി സന്നദ്ധ അറിയിക്കുന്നതിന് പകരം രാജിവച്ച്‌ പുറത്തുപോകുകയാണ് വേണ്ടതെന്നും സന്ദീപ് പറഞ്ഞു. രാജി സന്നദ്ധ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രാജി സന്നദ്ധ അറിയിക്കുക എന്നത് ബിജെപിയില്‍ ഇല്ല. രാജിവയ്ക്കാൻ ആണെങ്കില്‍ രാജി വച്ചശേഷം അറിയിക്കുകയാണ് വേണ്ടത്. രാജി സന്നദ്ധ അറിയിച്ച്‌ എങ്ങനെ രാജി വയ്‌ക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നത്. രാജി വയ്ക്കുകയാണ് വേണ്ടത് അല്ലാതെ സന്നദ്ധതയല്ല അറിയിക്കേണ്ടത്’,- സന്ദീപ് വ്യക്തമാക്കി.

പാർട്ടിയുടെ എ പ്ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ കെ.സുരേന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം പറയുന്നത്. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയപ്പെടുകയും പാർട്ടി ഭരിക്കുന്ന കോർപറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്‌ത പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെ വ്യാപക വിമർശനം ഉയ‌ർന്നിരുന്നു.

എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗണ്‍സിലർമാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതായാണ് സൂചന. ശോഭാ സുരേന്ദ്രന്റെ ഡ്രൈവർ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച്‌ വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *