പുരുഷൻമാര്‍ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുത്; വിവാദ നിര്‍ദേശവുമായി യു.പി വനിത കമീഷൻ

പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന വിവാദ നിർദേശവുമായി യു.പി വനിത കമീഷൻ.

സ്ത്രീകളെ മോശം സ്പർശനത്തില്‍ നിന്നും തടയുന്നതിന് വേണ്ടിയാണ് നിർദേശമെന്നാണ് യു.പി വനിത കമീഷന്റെ വിശദീകരണം.

വനിതകളെത്തുന്ന ജിമ്മില്‍ ട്രെയിനർമാരായി വനിതകള്‍ തന്നെ വേണമെന്ന നിർദേശവും യു.പി വനിത കമീഷൻ അധ്യക്ഷ ബബിത ചൗഹാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ജിമ്മുകളിലെ ട്രെയിനർമാർ പൊലീസ് വെരിഫിക്കേഷൻ നടത്തണം. പുരുഷ ട്രെയിനർമാർ ട്രെയിനിങ് നടത്തുന്നതില്‍ വനിതകള്‍ക്ക് വിരോധമില്ലെങ്കില്‍ അവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും നിർദേശമുണ്ട്.

ഒക്ടോബർ 28ന് സംഘടിപ്പിച്ച ഒരു മീറ്റിങ്ങിലാണ് വനിത കമീഷൻ അധ്യക്ഷയുടെ പരാമർശം. ജിമ്മിലെ ചൂഷണങ്ങളെ കുറിച്ച്‌ നിരവധി വനിതകള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കമീഷൻ പറഞ്ഞു. തയ്യല്‍ക്കടകളില്‍ അളവെടുക്കാൻ വനിതകളെ തന്നെ നിയോഗിക്കണം. സ്കൂള്‍ ബസുകളില്‍ ഒരു വനിത ജീവനക്കാരിയെങ്കിലും വേണം.

കോച്ചിങ് സെന്ററുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച്‌ നിയമനിർമാണത്തിന് സംസ്ഥാന സർക്കാറിന് നിർദേശം നല്‍കുമെന്നും വനിത കമീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *