എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എല്‍.ഡി.എഫ് യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം ഉയർന്നപ്പോള്‍ തന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തില്‍ സർക്കാർ ഒരു തരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല.
അതേസമയം പി.പി. ദിവ്യയെ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ ചോദ്യം ചെയ്യലിന് വിളിച്ചിട്ടില്ല. ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യാത്രഅയപ്പ് യോഗത്തില്‍ പങ്കെടുത്തവരുടെ മൊഴിയെടുത്തെങ്കിലും ദിവ്യയിലേക്ക് ഇതു വരെ എത്തിയിട്ടില്ല. അതിനിടെ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയില്‍ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.