ബി.ജെ.പി സർക്കാർ രാജ്യത്തെ ജാതി സെൻസസ് അനന്തമായി വൈകിപ്പിക്കുന്നതില്‍ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
രാഷ്ട്രീയ മാറ്റത്തിനും സാമ്ബത്തിക പ്രതിസന്ധിക്കും ഇടയിലായിരുന്നിട്ടുപോലും ശ്രീലങ്ക ഏറ്റവും പുതിയ ജനസംഖ്യാ, പാർപ്പിട സെൻസസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
സെൻസസിലെ ‘കാലതാമസം’ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ഉന്നയിച്ച രമേശ്, ജാതികള്‍ എണ്ണിത്തിട്ടപ്പെടുത്തിയാല്‍ മാത്രമേ വിദ്യാഭ്യാസത്തിലും തൊഴിലിലും സമ്ബൂർണവും അർത്ഥവത്തായതുമായ സാമൂഹികവും സാമ്ബത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാൻ കഴിയൂ എന്ന് ഊന്നിപ്പറഞ്ഞു.
2012ല്‍ അവസാനമായി നടന്ന ശ്രീലങ്കയിലെ സെൻസസ് തിങ്കളാഴ്ച വീണ്ടും ആരംഭിക്കുന്നു. എന്നാല്‍, ഇന്ത്യയുടെ കാര്യമോ? ദശാബ്ദക്കാലത്തെ സെൻസസ് 2021ല്‍ നടക്കേണ്ടതായിരുന്നു. അത് സംഭവിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇപ്പോഴില്ല. എന്തുകൊണ്ടാണ് ‘അജൈവ’ പ്രധാനമന്ത്രി സെൻസസ് വൈകിപ്പിക്കുന്നത്? – എക്സിലെ പോസ്റ്റില്‍ രമേശ് ഉന്നയിച്ചു.
2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 10 കോടിയിലധികം ഇന്ത്യക്കാർക്ക് നിഷേധിക്കപ്പെടുന്നു. 2011ലെ സെൻസസ് കണക്കെടുപ്പ് ഇപ്പോഴും ഉപയോഗിക്കുന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നത് പോലെ സെൻസസില്‍ ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സംയോജിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് കേന്ദ്രത്തിന്‍റെ അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു. 1951 മുതല്‍ ഓരോ പത്ത് വർഷത്തിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വിശദമായ കണക്കെടുപ്പ് നടക്കുന്നുണ്ട്. ഇപ്പോള്‍ വേണ്ടത് ഒ.ബി.സികളുടെയും മറ്റ് ജാതികളുടെയും സമാനമായ വിശദമായ കണക്കാണ് -രമേശ് വ്യക്തമാക്കി.