ലേ ലഡാക്കില്‍ 56 വർഷംമുമ്ബ് വിമാനാപകടത്തില്‍ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികൻ ഇലന്തൂർ ഒടാലില്‍ തോമസ് ചെറിയാന്റെ(പൊന്നച്ചൻ) സംസ്‌ക്കാരം ഇന്ന് രണ്ടുമണിക്ക് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍.1968 ഫെബ്രുവരി ഏഴിനാണ് ഛത്തീസ്‌ഗഡില്‍നിന്ന് ലേ ലഡാക്കിലേക്ക് പോയ സൈനികവിമാനം രോഹ്താങ് പാസില്‍വച്ച് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ 30നാണ് മൃതദേഹം മഞ്ഞുമലയില്‍നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്ബില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്ബടിയോടെ രാവിലെ പത്തിന് ഇലന്തൂർ ചന്തയിലെത്തിച്ച് വിലാപയാത്രയായി വീട്ടിലെത്തിക്കും. തോമസ് ചെറിയാന്റെ ജ്യേഷ്‌ഠൻ തോമസ് മാത്യു (വിമുക്തഭടൻ) വിന്റെ വീട്ടിലാണ് പൊതുദർശനം.
ഛത്തീസ്‌ഗഡിലെ ബേസ് ക്യാമ്ബില്‍നിന്ന് വ്യാഴാഴ്ച പകല്‍ പന്ത്രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്‌സ് സ്‌റ്റേഷനില്‍ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്ബിലെത്തിച്ചു. ഇവിടെ സേന ഗാർഡ് ഓഫ് ഓർണർ നല്‍കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ്, മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലില്‍ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസും മറ്റു കുടുംബാംഗങ്ങളും എത്തി.