പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുൻ മന്ത്രി ഡോ. കെ.ടി.ജലീല്‍.
സ്വരം നന്നാകുമ്ബോള്‍ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീല്‍ പറഞ്ഞു. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച സ്വര്‍ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിലവില്‍ തവനൂർ എം.എല്‍.എയായ ജലീല്‍ തുറന്നു പറയുന്നത്.
നിയമനിര്‍മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും പുതിയ തലമുറയ്ക്ക് കസേര ഒഴിഞ്ഞുകൊടുക്കണമെന്നും ഇരുപത് വർഷമായി ജനപ്രതിനിധിയായി തുടരുന്ന ജലീല്‍ പുസ്തകത്തില്‍ പറഞ്ഞു. പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിലാണ് അധികാരക്കസേരകള്‍ മുറുകെ പിടിക്കുന്ന പ്രവണതയ്‌ക്കെതിരെയും പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കാരണങ്ങളും ജലീല്‍ തുറന്നെഴുതുന്നത്.
സി.പി.എമ്മിന്റെ സഹയാത്രികനായി തുടരുമെന്നും സുഹൃത്തിനെഴുതിയ കത്തിന്റെ മാതൃകയിലുള്ള ലേഖനത്തില്‍ ജലീല്‍ പറഞ്ഞു. രാഷ്ട്രീയ ഗുരുനാഥനായ കൊരമ്ബയില്‍ അഹമ്മദാജിക്കും ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് ഒക്ടോബര്‍ രണ്ടിന് പ്രകാശനം ചെയ്യുന്ന പുസ്തകം സമർപ്പിച്ചത്.
അതേസമയം അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍ രംഗത്തെത്തി. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു’.