ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ്.
രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നും എ വി ഗോപിനാഥ് അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച , മുതിര്‍ന്ന നേതാവാണ് എ വി ഗോപിനാഥ്. കോണ്‍ഗ്രസ് വിട്ടശേഷം, സിപിഐഎമ്മിലേക്ക് നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ നവകേരള സദസ്സില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും, വികസനമാഗ്രഹിക്കുന്ന എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്നും ഗോപിനാഥ് പറഞ്ഞു.