എസ്‌എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതില്‍ അടിയന്തര നടപടിക്ക് ആരോഗ്യ വകുപ്പ്. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദല്‍ ക്രമീകരണം ഒരുക്കിയില്ല. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേല്‍ പകരം ജനറേറ്റര്‍ എത്തിക്കാന്‍ തുടക്കത്തില്‍ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തികാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റര്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.
രണ്ട് ജനറേറ്റര്‍ ഉണ്ടായിട്ടും അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട സംവിധാനം എന്തുകൊണ്ട് തകരാറിലായി എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥ വീഴ്ചയില്‍ അടിയന്തര നടപടിയും സാങ്കേതിക വീഴ്ചയില്‍ തുടര്‍നടപടികളും ഉണ്ടാകും. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.