ബാബുരാജ് കെ
വിപ്ലവം നടക്കാൻ ഇടയില്ലാത്ത സ്വപ്നമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിൽ ഇപ്പോൾ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്. പാർട്ടിയുടെ അനുമതിയോടെയും അല്ലാതെയും പ്രവർത്തിക്കുന്ന സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം പി വി അൻവറും അൻവർ ഉന്നയിച്ച ആരോപണങ്ങളുമാണ്. കുറച്ചായി മാർക്സിസ്റ്റുകളിൽ ഒരു വലിയ വിഭാഗം അൻവറിസ്റ്റുകളായി പരിണമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അൻവറിസം ഒരു ജ്വരമായി സഖാക്കളെ പിടികൂടി. സോഷ്യൽ മീഡിയയിൽ അൻവർ തരംഗമായി. കടന്നൽ രാജ എന്നു പേരിട്ടു സഖാക്കൾ അൻവറിനെ ആഘോഷിച്ചു. അൻവർ എഫ് ബി യിൽ ഇടുന്ന പോസ്റ്റുകളിൽ ആയിരക്കണക്കിന് സഖാക്കൾ അനുകൂല കമന്റുകൾ ഇടുകയും ഷെയർ ചെയ്യുകയും ചെയ്തു. ജയശങ്കറിനെതിരെ അൻവർ എഫ് ബി യിൽ ഇട്ട ഭീഷണി വിഡിയോ കണ്ടത് എട്ടര ലക്ഷം ആളുകളാണ്. അര ലക്ഷത്തോളം പേർ അതു ലൈക്ക് ചെയ്തു. 7500 ലേറെ കമന്റുകൾ. ഒൻപതിനായിരത്തോളം ഷെയറുകൾ. ഇതൊക്കെ ചെയ്തിരിക്കുന്നത് സിപി എം പ്രവർത്തകരോ അനുഭാവികളാണ്. അൻവറിൽ അവർ കണ്ടത് അഭിനവ ചെഗുവരെയേ ആണ്.
ഇതേ സമയം പിണറായി വിജയന്റെയും ഗോവിന്ദൻ മാസ്റ്റരുടെയും എഫ് ബി പേജിൽ സഖാക്കളുടെ സാന്നിധ്യം തുലോം കുറഞ്ഞു. എന്നു മാത്രമല്ല വിരുദ്ധ കമന്റുകൾ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. മാധ്യമ പ്രവർത്തകർക്കും പി വി അൻവറിനും എതിരെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോയുടെ അടിയിൽ ഒരാൾ കമന്റിട്ടിരിക്കുന്നത് ഇങ്ങിനെയാണ്. സഖാവിന്റെ നിക്കറിന്റെ കളർ കാവിയാണോ? പിണറായിയുടെ എഫ് ബി യിൽ ഫോളോവേഴ്‌സ് 16 ലക്ഷമാണ്. മുൻ കാലങ്ങളിൽ അതിൽ ഒരു വിഡിയോ ഇട്ടാൽ ലൈക്കുകളും കമന്റും കൊണ്ടു നിറയും. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പിണറായിയുടെ വിഡിയോയിൽ ലൈക്ക് ബട്ടൺ അമർത്തിയത് 1300 പേർ മാത്രമാണ്.
സൈബർ സഖാക്കളുടെ എഫ് ബി ഗ്രൂപ്പുകളിൽ പൊതുവിൽ അൻവറിനോടുള്ള താല്പര്യവും പിണറായി വിരുദ്ധതയും തെളിഞ്ഞു കാണുന്നു. മാസപ്പടി കേസിൽ നിന്നു വീണയെ രക്ഷിച്ചെടുക്കുക മാത്രമാണ് പിണറായിയുടെ ലക്ഷ്യമെന്നു തുറന്നടിക്കാൻ സഖാക്കൾക്ക് മടിയില്ല. രക്തസാക്ഷികളെ വഞ്ചിക്കുന്നു എന്ന ആക്ഷേപവും ചിലർ ഉയർത്തുന്നു. പിണറായി വിജയന്റെ വാർത്താ സമ്മേളനം കഴിഞ്ഞ ഉടനെ പോരാളി ഷാജി ചെയ്തത് ഗ്രൂപ്പിന്റെ പ്രൊഫൈൽ ചിത്രത്തിൽ നേരത്തെ ഉണ്ടായിരുന്ന പിണറായി വിജയന്റെ ഫോട്ടോ മാറ്റി പകരം റീത്തിന്റെ ചിത്രം ഇടുകയായിരുന്നു. പാർട്ടി തള്ളിപ്പറഞ്ഞ ഗ്രൂപ്പ് ആണെങ്കിലും സൈബർ ലോകത്തു സിപിഎമ്മുകാർ ഏറ്റവും കൂടുതൽ കാണുന്ന പേജ് പോരാളി ഷാജിയാണ്. ഏറ്റവും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്ന പേജ്. പ്രതീകാത്മകമായി പാർട്ടിക്ക് റീത്തു വെക്കുകയാണ് പോരാളി ഷാജി ചെയ്തത്. അതു തിരിച്ചറിയാൻ കഴിയാത്ത സിപിഎം നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
സോഷ്യൽ മീഡിയയിൽ അന്തംകമ്മികൾ എന്നു അറിയപ്പെടുന്ന സിപിഎമ്മുകാർ വെറും പേട്ട അന്തം കമ്മികൾ അല്ലെന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്? ആധുനിക കാലത്ത് സോഷ്യൽ മീഡിയ കൃത്യമായ സൂചകമാണ്. ആളുകൾ എങ്ങിനെ ചിന്തിക്കുന്നു എന്ന തിരിച്ചറിവ് അതിൽ നിന്നു ലഭിക്കും. കാലത്തിന്റെ ചുവരെഴുത്തു വായിക്കുന്നതിൽ പരാജയപ്പെട്ടാൽ വലിയ വിലയാകും പാർട്ടി കൊടുക്കേണ്ടി വരിക. പിണറായിക്കു ശേഷവും പാർട്ടി വേണ്ടേ?