നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പൊലീസിൻറെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
കഴിഞ്ഞ നവംബറില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻറെ നിർദേശപ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിൻ. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.
യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. അതേസമയം കേസില്‍ മുൻകൂർ ജാമ്യത്തിനായി നിവിൻ പോളി കോടതിയെ സമീപിച്ചേക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും നാലും അഞ്ചും പ്രതികള്‍. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.